Tuesday, June 17, 2014



അറിയാതലിഞ്ഞുപോയ് വിടർന്ന പൂങ്കവിളിതളു-
-കളിൽ നിന്നുടെ പുഞ്ചിരിമലരൊളിയിൽ കുസൃതികളിൽ.,
തെന്നൽ കുളിരലയിൽ അടരും  മഴനീർക്കണമായ്-
-ഞാൻ നിന്നെ പുണരുന്നു മണ്ണിലൊടുങ്ങി മയങ്ങുന്നു....

************

Friday, June 6, 2014

ഭൂതങ്ങൾ..





അമ്മതൻമടിയിലിരുന്നിരുകൈകൂപ്പി
സന്ധ്യക്ക്‌ നാമം ജപിച്ച ദിനങ്ങളിൽ.,
ഇമവെട്ടിടാതെ ഞാൻ മിഴിനട്ടിരുന്നൊരു ,
തിരിനാളമൂതി കെടുത്തുന്നു ഭൂതങ്ങൾ.,


കുഞ്ഞുനാൾ കുഞ്ഞിക്കുറുമ്പുകാട്ടും നേരം .,
അമ്മ പറഞ്ഞതാം കോക്കാച്ചി ഭൂതമൊ..?
രാക്ഷസ ആകാരമുള്ള ദുർഭൂതമൊ..?
ഇന്നുവന്നെവിടെയും ഇരുള് തൂവീടുന്നു..?

മാനത്തിനായ് താണ് കേഴുന്നു നാരിമാർ.,
ആലംബഹീനരായ് മാറുന്നു വൃദ്ധകൾ.,
ബാല്യങ്ങൾ പിച്ചവച്ചീടുന്ന തൊടിയിലും
ലഹരിപൊതിയുമായ് നിൽക്കുന്നു ഭൂതങ്ങൾ.,

കണ്‍കളെൻ അമ്മതൻ കൈകളാലേ മൂടി.,
കണികാണുവാനിന്ന് അടിവച്ചു നീങ്ങവേ.,
മനസ്സിലെ ഇരുളിൽ തെളിയുന്നു രൂപങ്ങൾ.,
മാമരത്തിൽ തൂങ്ങി ആടുന്നു പ്രേതങ്ങൾ.,

ഇരുളാണ് ഭയമാണ് മിഴികൾ തുറക്കുവാൻ.,
ഇരുളിന്റെ മറവിലായ് എവിടെയും ഭൂതങ്ങൾ.,
ഭയമാണ് അമ്മകൈയ്യൊന്നു വിടുവിക്കുവാൻ.,
ഭയമാണ് അമ്മയ്ക്കരികിൽ നിന്നകലുവാൻ.,

മിഴികളിൽനിന്നമ്മ കൈകളെടുക്കേണ്ട.,
ഓട്ടുരുളിയിൽനിന്നുൾക്കണ്ണിൽ വരൂ കണ്ണാ.,
അണയുവാൻ വെമ്പുമീ തരിവെട്ടമകതാരി-
-ലണയാതെയെന്നമ്മകൈകളാൽ കാക്കണേ...

****