Tuesday, September 17, 2013

തുമ്പക്കുടം


മാബലിതമ്പുരാൻ വന്നുവല്ലോ 
പൊൻ തിരുവോണവും വന്നുവല്ലോ
ചെത്തി മിനുക്കിയ മതിലരികിൽ
കൊച്ചിളം തുമ്പക്കുടം ചിരിപ്പൂ
കണ്ടില്ല  കൈക്കോട്ടിൻ തുമ്പിതിനെ 
ഭൂമി മാതാവൊളിപ്പിച്ചു വച്ചു
കാണാതെ മാറോടു ചേർത്തുവച്ചു
താരാട്ട് പാടി മാമൂട്ടി വച്ചു.
പൊന്നോണ പൊൻവെയിൽ കാഞ്ഞുകൊണ്ട്
കൊച്ചരി പല്ല് പുറത്ത് കാട്ടി
പഞ്ചാര പുഞ്ചിരി തൂകിടുന്നു  
അമ്മതൻ കരളിൽ കളിചിടുന്നു
ഈ കൊച്ചു ചെടിതൻ കവിളിലല്ലോ
പോന്നോണ തുമ്പി വന്നുമ്മവയ്പ്പൂ 
ഈ കൊച്ചു ചെടിതൻ തലപ്പിലല്ലോ
ഭൂമി മാതാവിന്നൊരോണമുള്ളു
ഈ നിഷ്കളങ്കയാം പുൽ ചെടിയായി
ഞാനു മൊരു വേള മാറിയെങ്കിൽ
ആരാരും കാണാതെൻ അമ്മയുടെ
മാറത്ത് തലചായ്ച്ചുറങ്ങിയെങ്കിൽ.
*********


Monday, September 9, 2013

മനസ്സിലെ ഓണം.






എന്തെല്ലാം ഏതെല്ലാം  മാറിയാലും, 
മനസ്സിലെ മലയാളം മായുകില്ല., 
ഒരു നല്ലൊരോണ പൂക്കളമൊരുക്കാന്‍,  
ഒരു പിടി തുമ്പപൂ  ചോറൊരുക്കാന്‍, 
തൈമാവിന്‍ കൊമ്പിലൂഞ്ഞാല് കെട്ടാന്‍,
കൈകൊട്ടി പാടുവാന്‍ കുരവയിടാന്‍,  
മനസ്സിനകത്തൊരു ഓണമുണ്ട്., 
ഓർമ്മകൾ ചാലിച്ചൊരോണമുണ്ട്., 
ആ നല്ല തറവാടിൻ തിരുമുറ്റത്ത്, 
പോന്നോണ തുമ്പിയായ് ഞാനിരിപ്പൂ, 
കണ്ണിമ പൂട്ടി ഞാൻ കാത്തിരിപ്പൂ, 
പോരുക പോരുക മാവേലിയെ,
പോരുക പോരുക മാവേലിയെ.
ആർപ്പോ..ഈറോ..ഈറോ...ഈറോ..
ആർപ്പോ..ഈറോ..ഈറോ...ഈറോ..
******