Monday, January 7, 2013

പുലര്‍ക്കാല സ്വപ്നങ്ങള്‍


വെണ്‍ മേഘ പാളികള്‍ക്കിടയിലായ് 
തെന്നിവന്നെത്തി നോക്കുന്നിതാ  ഉദയ സൂര്യന്‍ 


രക്തവര്‍ണാവൃത സുസ്മിതം വിടരുന്നു
രാവകന്നീടുന്നു  ഭൂവിലാകെ 


മാന്തളിര്‍ പൂക്കളില്‍ മിന്നിത്തിളങ്ങുന്ന 
മഞ്ഞുനീര്‍ത്തുള്ളികള്‍ മണിമുത്തുകള്‍ 


തെച്ചിയും മന്ദാര പൂക്കളും തെന്നലില്‍ 
താളത്തിലാടുന്നു  ചെമ്പരത്തി 


മന്ദമായ് മന്ദസ്മിതം പൊഴിച്ചീടുന്ന 
പൂക്കളാല്‍ മാനസം പൂത്തുലഞ്ഞു 


ആഹാ മനോഹരം മായയോ മായികാലോകമൊ 
പുലര്‍ക്കാല സ്വപ്നങ്ങളോ 


മായല്ലെ  മറയല്ലെ  മാഞ്ഞുപോയീടല്ലേ 
മാനത്ത് കാര്‍മുകില്‍ വന്നിടല്ലേ

മാമരച്ചില്ലകള്‍ കാറ്റിലുലയുന്നു
പൂമരം പൂക്കള്‍ പൊഴിച്ചിടുന്നു 


കാതുകള്‍ക്കിമ്പമായ് താളത്തിലീണത്തില്‍ 
കുയിലുകള്‍  മധുരമായ് പാടിടുന്നു 


വാദ്യഘോഷങ്ങള്‍ പോല്‍ അവിടെയുമിവിടയും 
പലതരം കിളികള്‍ ചിലച്ചിടുന്നു 


കൊക്കുരുമ്മി ചിറകൊതുക്കി ഒരു കൊച്ചു 
തത്തയൊരു കൊമ്പിലായ് വന്നിരിപ്പൂ 


മോഹങ്ങളുണ്ടതിന്‍ ഹൃദയത്തിലാ 
കൊച്ചു പച്ചനിറത്തിലെ ചിറകിനുള്ളില്‍ 


സ്വപ്നങ്ങളാം പട്ടുനൂലതില്‍ മിന്നുന്ന 
മുത്തുകള്‍ കോര്‍ത്തൊരു മാലയാക്കി 


ദൂരെയേതോ ഒരു കൂട്ടിലായ് അമ്മയും 
അച്ഛനും കണ്‍ പാര്‍ത്തിരിപ്പതുണ്ടേ 


അച്ഛന്റെ  പുന്നാര മോളാണ് അമ്മക്ക് 
കണ്ണാണ് കരളാണ് ഹൃദയമാണ് 


മോഹങ്ങള്‍ മുത്താക്കി മാറ്റുവാന്‍ ഓമന 
മകളുടെ ഭാവിയെ ഭദ്രമാക്കാന്‍ 


കണ്ണുനീരുപ്പു പുരട്ടിയ ഭക്ഷണം
അരവയര്‍ പട്ടിണി എന്നുമെന്നും 


അറിയാതെയെങ്കിലും അമ്പെടുത്തുന്നം 
പിടിക്കല്ലേ വേടനായ് മാറിടല്ലേ 


അരുതെന്ന് സ്വയമറിഞ്ഞുയരുവാന്‍ അറിവിന്റെ 
കിരണങ്ങള്‍ കൈകളാല്‍ ഏറ്റുവാങ്ങാന്‍ 


വിടരട്ടെ ഒരു പൊന്‍ പുലരിയീ മാനവ
 ഹൃദയത്തിനുള്ളിലും നറുവെട്ടമായ് 

**********