Friday, November 30, 2012

ഹരിതക തളിരുകള്‍






നരകമാം ഈ നഗര വീഥിതന്‍ ഓരത്തു


കിളിര്‍ത്തീടുമല്ലോ  പുല്‍തളിരിലകള്‍


അനാഥത്ത്വമാം അഗ്നിജാലാ മുഖത്തു-


-നിന്നൂമുതിരും വിഷാദമാം രശ്മികള്‍


ചുടലനൃത്തം ചെയ്തു നിറയുമീ പകലുകള്‍


മാഞ്ഞു മറയുന്ന വര്‍ഷകാലങ്ങളില്‍


കനിവിന്‍റ കാര്‍മുകില്‍ ഉറയുന്നൊരാകാശ


ഹൃദയം വിതുമ്പി തുളുമ്പുന്ന വേളയില്‍


മിഴികളില്‍ നിറയുന്ന കുളിരുമായെവിടെയും


താനെകിളിര്‍ക്കുന്ന ഹരിതക തളിരുകള്‍


സ്വാഗതമരുളീടുമല്ലോ അനേകരോടൊപ്പ-


-മീഞാനുമെന്‍ ദാഹിച്ച ഹൃദയവും


വറ്റി വരണ്ടൊരീ പുഴയിലായി പുകയുന്ന


തീക്കനല്‍ പോലുള്ളോരീ മണല്‍ തരികളും


വാടി കരിഞ്ഞൊരാമ്പലില്‍ അവസാന


ജീവന്‍ തുടിക്കുന്ന വേരുംമടിത്തണ്ടും


ഏവരും സ്വാഗതമരുളുമാ വേളയില്‍


ഇലകള്‍ളൊരു കാറ്റിലൊന്നാടി ചിരിച്ചിടും


വെറുതെയാണീയൊരു പാഴ്ക്കനവെങ്കിലും


നാളെ ഇനി വീണ്ടുമൊരു വേനല്‍ വന്നീടിലും


മനസ്സിലുണങ്ങി വരണ്ടൊരീ മണ്ണിതില്‍


കണ്ണുനീര്‍ ഇറ്റിറ്റു വീണതാം നനവിലായി


പൊട്ടിമുള വന്നിന്നൊരാല്‍മര തളിരില


ഒരു കുഞ്ഞു പൈതലിന്‍ പുഞ്ചിരി പോലുള്ള


ഹരിതാഭ ശോഭ നിറഞ്ഞതാം തളിരില


മതിയാകയില്ല എന്‍ കണ്ണുനീരീച്ചെടി-


-നനച്ചീടുവാനതിന്‍ ദാഹം ശമിക്കുവാന്‍


ആകെ പരിഭ്രമുണ്ടെന്‍റെ മനമതില്‍-


-വാടികരിഞ്ഞുണങ്ങീടുമോ ഈ ചെടി?



*****************

Monday, November 12, 2012

നറുതിരിവെട്ടം

കണ്ണുകളിരുട്ടാല്‍   മറഞ്ഞൊരാ സ്നേഹിത- 

-നെന്നുമെന്‍ കണ്ണുകള്‍ നനയിക്കുമെങ്കിലും 

കണ്ടില്ല കാണിച്ചതില്ലവനാരണ്ടു 

കണ്ണുകളീറനണിഞ്ഞതൊരിക്കലും  


എന്തൊരളവറ്റശാന്തിയാഹൃദയത്തിലെ-

-ന്തൊരാനന്തമാനിറപുഞ്ചിരിക്കെ-

-ന്തൊരാവേശമാഹ്ലാദമാമൊഴികളെ-

ന്തൊരാശ്വാസ മധുരമാസാമിപ്യം  


കണ്ണു തുറന്നു പിടിച്ചാലുമടച്ചാലും 

കണ്‍മുന്നിലെവിടെയുമിരുളലകള്‍മാത്ര-

-മെന്നാലതെന്തൊരു ദുരിതമെന്നൊരുവേള 

ചിന്തിച്ചഞാനെത്ര വിഡ്ഢിയെന്നോര്‍ത്തുപോയ് 


ഹൃദയത്തിലായിരം ആശകള്‍തീര്‍ക്കുമീ 

കാഴ്ച്ചകളൊക്കെയും കണ്ടുമടുത്തിന്നതെ-

-ല്ലാമുറഞ്ഞൊരു നൊമ്പരമാകുമ്പോള്‍ 

കണ്ണടച്ചീടുന്നു ഞാനുമൊരുവേളയെന്‍ 

ഉള്ളിലായ് അണയാതെ എന്നും തെളിയുമാ 

നറുതിരിവെട്ടമൊന്നൊരുനോക്ക് കാണുവാന്‍  

******************