Monday, October 29, 2012

കളികൂട്ടുകാരന്‍

കുങ്കുമവര്‍ണാങ്കിത സുന്ദര സുസ്മിതം

വിടരുന്ന നിന്‍ മുഖം മനോഹരം

നീ എന്നുമെനിക്കെന്നുമൊരു കളികൂട്ടുകാരന്‍

പുതിയ മേച്ചില്‍പുറങ്ങളിലേക്കെന്നെനയിക്കുന്നൊരിടയന്‍

 ചിലനേരമാ മേഘപാളികള്‍ക്കുള്ളിലൊളിച്ചു കളിച്ചു രസിക്കും


ചിലനേരമാ പച്ചില ചില്ലകള്‍ക്കിടയിലായ് -

-വന്നൊളികണ്ണിട്ടെത്തിനോക്കും


പരിഭവങ്ങളൊരുതെല്ലുമില്ലാതെയകലാതെ

- പിരിയാത്തൊരെന്‍ കൂട്ടുകാരന്‍


നിന്നെ അനുഗമിച്ചനുഗമിച്ചിന്നിതാ

ഈ സായന്തനത്തിലീ കടല്‍ക്കരയിലൊ- 

-രേകാന്ത മനസ്സുമായി മൗനമായി വന്നുനില്‍പൂ


ജീവിതാന്ത്യത്തിലീതിരകളലഞോറിയുമീ-

-തീരത്തിലീപൂഴിമണലില്‍


ഒഴുകുന്നകാറ്റിലകതാരില്‍ നിറയുന്ന നൊമ്പര- 

-മലിയുന്ന കുളിരില്‍


നീ ഉറങ്ങുവാന്‍ പോകുമീനേരംവയ്കിയ വേളയില്‍

നടക്കട്ടെ തിരിഞ്ഞു ഞാനെന്റെ കുടിലിലേക്കങ്ങുമെല്ലെ


നടന്നുനടന്നേറെ തളര്‍ന്നൊരീകാലുകുഴയുന്നുവല്ലോ


തൊണ്ടയിലടര്‍ന്നു  ചിന്നിചിതറുമീ 

ചുമയിലടിപതറുന്നുവല്ലോ


ചിരിതൂകി നിന്ന മുഖങ്ങളകലത്തകന്നകന്നുപോയീ 


പിന്നിലായ് പതിഞ്ഞൊരാ കാലടി പാടുപോല്‍ 

സര്‍വവും ദൂരത്തു  മാഞ്ഞ്  മാഞ്ഞുപോയ്‌   


താങ്ങുവാന്‍ തണലാകുവാനായരികിലിന്നീ- 

-യൊരൂന്നുവടി മാത്രം 


എങ്കിലും വിഷമിപ്പതില്ലയെന്‍ മനമൊരു തെല്ലും


കണ്ണ് ചിമ്മിടും താരകള്‍ നിറയുമാകാശമുണ്ടല്ലോ

പെയ്തുനിറയുന്ന നിറനിലാവതും നീതന്നെയല്ലോ


നിന്‍ വിരല്‍ തഴുകുന്ന പൂക്കളുണ്ടല്ലോ


നീ വന്നു തൊടുവാന്‍ തളിര്‍ക്കുന്ന ഇലകളുണ്ടല്ലോ


നീയെന്നുമുറങ്ങിയുണരുമീ കടലിലെ തിരകളുണ്ടല്ലോ


ഇനിയെന്തുവേണമീ നിബിഡാന്ധകാരത്തില്‍

സുഖനിദ്രപൂകുവാന്‍  


പുതു പുതു മോഹങ്ങള്‍ സ്വപ്നങ്ങള്‍ മുളവന്നു

പൊന്‍കതിരണിയുവാന്‍ 


ഉണരുമോ ഞാനിനിയുമൊരു  പുലരിയില്‍

നീ അരികത്തു വന്നിടും നിമിഷത്തി-

ലൊരുവേളയാചിരിയൊരുനോക്കു കാണുവാന്‍ 


നിലക്കാതിരിക്കുമോ ഹൃദയ താളമേ


ഇനിയുമൊരു സുപ്രഭാതത്തിന്‍ സുസ്മിതംനുകരട്ടെ

ഹൃദയമേ മുഴങ്ങിടട്ടെ നിന്‍ മൃദുസ്പന്ദനം

ഇനിയും മുഴങ്ങിടട്ടെ നിന്‍ മൃദുസ്പന്ദനം


**********


മഴപെയ്തുതോര്‍ന്നൊരു സായാഹ്നത്തില്‍ തൊടിയിലെ മരച്ചില്ലയില്‍ വിരുന്നുവന്ന ആ അണ്ണാറകണ്ണന്‍ മനസ്സ് മരവിച്ചിരുന്ന ആ അപ്പൂപ്പന്റെ കണ്ണുകളില്‍ പ്രകാശം വിരിയിച്ചു.രോമം നിറഞ്ഞ വാലുയര്‍ത്തിയിളക്കി തല ചുറ്റുപാടും  ചലിപ്പിച്ച്  അണ്ണാറകണ്ണന്‍ അപ്പൂപ്പനെ രസിപ്പിച്ചു. എന്തെന്നില്ലാത്ത ഒരു കരുത്ത് ആ  മനസ്സില്‍ വന്നു നിറഞ്ഞു അതിന്റെ അടയാളം അപ്പൂപ്പന്റെ  മുഖത്ത് ഞാന്‍ കണ്ടു.  പിന്നെ കുറെയേറെ സംസാരിച്ചു.അടുത്തിരിക്കുന്ന ആള്‍  താന്‍ പറയുന്നത്  ശ്രദ്ധിക്കുന്നുണ്ട് എന്നതും തിരിച്ച്  എന്തെങ്കിലും ചോദിക്കുന്നതും അപ്പൂപ്പനില്‍ ഉത്സാഹം നിറക്കും. ഞാന്‍ ശ്രദ്ധയോടെയും  തിരിച്ചു ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടും ഇരുന്നു. ആ വീട്ടില്‍ അപ്പൂപ്പന്‍ ഒരു വിരസ കഥാപാത്രമാണ്. മരുന്ന് കൊടുക്കാനും ഭക്ഷണം കൊടുക്കാനും മാത്രമാണ് ആരെങ്കിലും എന്തെങ്കിലും മിണ്ടുന്നത്. അപ്പൂപ്പന്‍ പലപ്പോഴും എന്തൊക്കെയോ പഴയ ഓര്‍മ്മകള്‍ ഓര്‍ത്തെടുത്തു വെറുതെ പറഞ്ഞുകൊണ്ടിരിക്കുമെങ്കിലും ആരും ഒന്നും ശ്രദ്ധിക്കില്ല.    പെട്ടന്ന് അകത്തുനിന്നും ഒരു ശബ്ദം കേട്ടു.  "ഇങ്ങനെ തണുപ്പത്ത് വരാന്തയില്‍ ഇരിക്കുന്നത് എന്തിനാണ് രാത്രി മുഴുവന്‍ ചുമച്ച് കുരക്കാനാണോ അകത്തുപോയി കിടന്നൂടെ" അപ്പോളും അപ്പൂപ്പന്റെ മുഖത്ത് വിരിഞ്ഞ ആ ചിരി മങ്ങിയില്ല. ആ അണ്ണാറകണ്ണന്‍ അപ്പൂപ്പന്റെ മനസ്സിനെ അത്രത്തോളം തണുപ്പിച്ചിരുന്നു. പതിയെ എഴുന്നേറ്റ്  വടികുത്തിപിടിച്ച് അപ്പൂപ്പന്‍ അകത്തേക്ക് നടന്നുപോയീ. അണ്ണാറകണ്ണനും  അപ്പോഴേക്കും എങ്ങോ പോയി മറഞ്ഞു എങ്കിലും  ഞാന്‍ മരചില്ലയിലേക്ക് നോക്കി പറഞ്ഞു എന്റെ അണ്ണാറക്കണ്ണാ  നീ നാളെയും വരണേ നിനക്ക് മാത്രമേ ആ അപ്പൂപ്പന്റെ മനസ്സ് തണുപ്പിക്കാനാകു, തീര്‍ച്ചയായും വരണം.നാളെ ഉറക്കമുണർന്ന് ഉമ്മറത്തെ ചാരുകസേരയിൽ വന്നിരുന്നു പ്രതീക്ഷയോടെ മരചില്ലയിലേക്ക് ഉറ്റുനോക്കുമ്പോൾ നിരാശനായാൽ ആ മനസ്സ് എങ്ങിനെ സഹിക്കും??? അതോർത്തപ്പോൾ ഇത്രയും കുറിച്ചുപോയീ. ഈണവും താളവും ഇല്ലാത്ത ആ വരികള്‍  നിങ്ങളില്‍  വിരസത ഉണ്ടാക്കിയില്ല  എന്ന് വിശ്വസിക്കട്ടെ ഈ പുക്കളും ഇലകളും നിറഞ്ഞ പ്രകൃതിയുടെ സുന്ദരമായ കാഴ്ചകളെല്ലാം  വിഷാദം നിറഞ്ഞ  മനസ്സുകളില്‍   മോഹങ്ങളും സ്വപ്നങ്ങളും നിറക്കുമ്പോള്‍ നമ്മള്‍ മാത്രം എന്തിന്  അവരെ അവഗണിക്കുന്നു? 



****************








Thursday, October 25, 2012

ഒരു കുഞ്ഞു പഞ്ചവര്‍ണ്ണ കിളി



ലാലയൊരു കുഞ്ഞു മാലാഖ നീയിന്നു 

മാലോകര്‍ മാറോടു ചേര്‍ത്തണച്ചീടുന്ന

വേടന്റെ കാലൊച്ച കേട്ടു ഭയക്കാത്ത

ചിറകുറച്ചീടാത്ത പഞ്ചവര്‍ണ്ണ കിളി

ചോളങ്ങള്‍ പൂത്തുലഞ്ഞുലയുന്ന പാടത്ത് 

പാറി പറക്കുവാനാശിച്ച പെണ്‍കിളി 

എന്തു നീ ചെയ്തൊരപരാധമോമനേ

മഴപെയ്തു തോര്‍ന്നൊരു നേരത്ത് മാനത്ത് 

മഴവില്ലു വര്‍ണം വിരിച്ചൊരു വേളയില്‍ 

ഉള്ളം നിറഞ്ഞൊന്നുറക്കെ ചിരിച്ചതോ 

തുള്ളി കളിക്കുവാന്‍ ഹൃദയം തുടിച്ചതോ 

കാര്‍മേഘപടലങ്ങള്‍ മൂടിയ രാത്രിയില്‍ 

ഇരുളുനിറഞ്ഞൊരാ താഴ്വാരഭൂമിയില്‍

ഒരു ചന്ദ്രബിംബമായി  ഉദിച്ചുയര്‍ന്നതോ 

അറിവിന്‍നിലാവായ് വെളിച്ചമായിപെയ്തതോ 

കുഞ്ഞനുജത്തിമാര്‍തന്‍ നിറകണ്ണുനീര്‍ 

ഒപ്പിയെടുത്തിളം ചോരയാല്‍ വരികളാല്‍ 

ചിത്രം വരച്ചതോ നീ ചെയ്ത പാതകം 

അറിയില്ല ഓമനേ അറിയില്ല ഉള്ളത്തില്‍  

നിറയുന്ന ചോദ്യത്തിനുത്തരമില്ലില്ല 

നീയേകയല്ലിന്ന് ഈ ലോക ഹൃദയങ്ങള്‍ 

ഉരുകുന്നു കണ്‍പാര്‍ത്തിരിക്കുന്നുറങ്ങാതെ

ഉണരട്ടെയെന്‍പോന്നനുജത്തി ഉണരട്ടെ 

ഇനിയുമൊരു സുപ്രഭാതം പൊട്ടി വിടരട്ടെ 

അകലട്ടെ ഇരുളല ചൊരിയട്ടെ പൊന്‍പ്രഭ 

വിരിയട്ടെ ശാന്തിതന്‍ പൂക്കള്‍ ഹൃദയങ്ങളില്‍ 

വിരിയട്ടെ ശാന്തിതന്‍ പൂക്കള്‍ ഹൃദയങ്ങളില്‍ 

***************

Saturday, October 6, 2012

ഹൃദയത്താല്‍ തൊഴുതിടും തൃപ്രയാര്‍ അമ്പലം.

ഇനിയുമൊരുവട്ടവും കൂടിയെന്‍ ഹൃദയമേ


വരികയീപുഴകടവിലായിരുന്നിടാം


നീന്തി തുടിക്കുന്ന മീനുകള്‍ക്കുണ്ണുവാന്‍


മലരുകള്‍ വാരി വിതറിരസിച്ചിടാം


പതിയെ വഴുകാതെ പടികളിറങ്ങിയെന്‍


കാല്‍കളും മുഖവുമീ മനസ്സാല്‍ നനച്ചിടാം


അറിഞ്ഞുമറിയാതെയും ചെയ്തു കൂട്ടിയോ-


-രപരാധമൊക്കെയും കഴുകി കളഞ്ഞിടാം


ഉലയുന്നൊരാല്‍മരച്ചില്ലകള്‍ കണ്ടി-


-ട്ടകതളിര്‍ നിറയുന്ന കുളിരുമായ് നിന്നിടാം


കിളികള്‍തന്‍ കളകളാരവശബ്ദഘോഷത്തില്‍


ഉദയകിരണങ്ങള്‍ക്കു സ്വാഗതം ചൊല്ലിടാം


അമ്പല ശ്രീകോവില്‍ നടയില്‍ നിന്നുണരുന്ന


ശംഖനാദത്തിന്റെ മധുരംനുണഞ്ഞിടാം


അനര്‍ഗളമൊഴുകുമിടക്ക സംഗീതത്തിന്ന- 


-ലകളിലെല്ലാം മറന്നുലയിച്ചിടാം


ചന്ദന തിരിയുടെ ഗന്ധമായി മന്ദ-


-മാരുതാലിങ്ഗന  ശാന്തിനുകര്‍ന്നിടാം


ഒന്നുമറികയില്ലെന്നതറിഞ്ഞിടാം


എല്ലാമറിയുന്ന ദേവനെ തൊഴുതിടാം


ശ്രീരാമ പാദങ്ങള്‍ കണ്‍നിറയെ കണ്ടു


ശ്രീരാമനാമ ജപത്തിലൊതുങ്ങിടാം


ഭഗവാന്റെ തീര്‍ത്ഥം നുണഞ്ഞിടാം പനിനീരു-


-ചാലിച്ച ചന്ദനം നെറ്റിയില്‍ ചാര്‍ത്തിടാം 


നിലവിളക്കിന്‍ തിരിനാളത്തില്‍ തെളിയുന്ന 


ചൈതന്യമീയകതാരില്‍ നിറച്ചിടാം 


ആഷാഢ മേഘങ്ങള്‍ നിറയുന്ന വേളയില്‍ 


ആ ദിവ്യ ചരിതങ്ങള്‍ ഉരുവിടും പുലരിയില്‍ 


ഇനിയുമൊരുവട്ടവും കൂടിയെന്‍ ഹൃദയമേ


വരികനീ തൃപ്രയാറപ്പന്റെ അരികിലായ്

***************